കൊച്ചി: പൊണ്ണത്തടി കുറയ്ക്കാനുള്ള ഏകദ്വാര ശസ്ത്രക്രിയ‘ബെറിയാടിക് കൊച്ചി പി.വി.എസ്. മെമ്മോറിയൽ ആസ്പത്രിയിൽ വിജയകരമായി നടന്നു. കേരളത്തിൽ ആദ്യമായാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. ഇരുപത് വയസ്സുള്ള യുവതിക്കാണ് ശസ്ത്രക്രിയ നടത്തിയത്. താക്കോൽദ്വാര ശസ്ത്രക്രിയയിലെ നൂതന സങ്കേതമായ ‘സിങ്കിൾഇൻസിഷൻ ലാപ്രോസ്കോപ്പിയിലൂടെ ഉദര ശസ്ത്രക്രിയാ വിഭാഗത്തിൻറെ നേതൃത്വത്തിലായിരുന്നു സർജറി. പൊക്കിളിനടുത്തായി 2.5-3 സെൻറി മീറ്റർ നീളത്തിലുള്ള ഒരു ചെറിയ മുറിവുണ്ടാക്കി പ്രത്യേക രീതിയിലുള്ള ഉപകരണങ്ങളും സ്റ്റേപ്ലറും ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തുന്നത്. മുറിവിൽ സ്ഥാപിക്കുന്ന പോർട്ടിലൂടെയാണ് ഉപകരണങ്ങൾ കടത്തിവിടുന്നത്. നാലോ അഞ്ചോ മുറിവുകളുണ്ടാക്കുന്ന പഴയ താക്കോൽദ്വാര ശസ്ത്രക്രിയെക്കാൾ മെച്ചപ്പെട്ട രീതിയാണിത്. വയറിന് മേൽ പാടുകൾ ഉണ്ടാവില്ല എന്നതാണ് ഇതിൻറെ ഒരു വലിയ നേട്ടം.

 

കുറഞ്ഞ വേദനയും സുഖപ്പെടൽ വേഗത്തിലാകുന്നതും. ബാറിയാടിക് ശസ്ത്രക്രിയയുടെ സ്വീകാര്യത വർധിപ്പിക്കുന്നതാണെന്ന് ജി.ഐ. സർജറി വിഭാഗം മേധാവി ഡോ. കെ. പ്രകാശ് പറഞ്ഞു. കൂടുതൽ സൗകര്യപ്രദവും സൗന്ദര്യപ്രശ്നങ്ങളില്ലാത്തതുമായതിനാൽ യുവാക്കൾക്കും സ്ത്രീകൾക്കും ഈ രീതി കൂടുതൽ സ്വീകാര്യമായിരിക്കും. ഡോ. സെലേഷ്, ഡോ. ഷാജി പി., ഡോ. ദാസ്, ഡോ.ഫ്രാൻസിസ് മണവാളൻ എന്നിവരും ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു. മൂന്നാം ദിവസം യുവതി പുർണ സുഖമായി ആസ്പത്രി വിട്ടു.